14 ജനുവരി, 2019

തുള്ളി

ആകാശത്തിന്റെ മുകളിലെവിടെയോ ഉള്ള
പഞ്ഞിക്കെട്ടു പോലെയുള്ള മേഘത്തിലെ
ഒരു മഞ്ഞു കാണമായിരുന്നു ഞാൻ.
ഞാനങ്ങനെ പാറി നടന്നു.
പതുപതുത്ത വെളുത്ത മെത്തയിൽ കിടന്നു
സ്വപ്നങ്ങളൊരുപാട് കണ്ടു.
പെട്ടന്ന്  ഞാൻ താഴേക്ക് വീഴാൻ തുടങ്ങി.
എന്നെ ഉരസിപ്പോകുന്ന വായു കണികകളോട് 
എനിക്ക് വെറുപ്പ് തോന്നി.
വല്ലാത്ത ചൂട്, എനിക്ക് സങ്കടം വന്നു,
ആ സങ്കടത്തിൽ ഞാൻ ഉരുകി പോയി.
ഞാനൊരു കണ്ണുനീർ തുള്ളിയായി മാറി.
ഞാൻ താഴേക്ക് വീഴുകയാണ്. അനന്തമായി...
താഴെ ഞാൻ ഭൂമി കണ്ടു... കടല് കണ്ടു....
കടലിൽ  വീണു. ആരുമത് കണ്ടില്ല...
കടലതറിഞ്ഞത് പോലുമില്ല...
എന്നിലെ ഓരോ മാത്രയെയും ഞാൻ ചേർത്ത് പിടിച്ചു
കടലിൽ ഞാൻ ആണ്ടു പോയി....
എന്തിനോവേണ്ടി തുറന്ന ഒരു ചിപ്പിക്കുള്ളിൽ
ഞാൻ വീണു.
ചിപ്പി ഭയന്ന് വേഗം അതടച്ചു കളഞ്ഞു.
ഞാനാ കുഞ്ഞു ചിപ്പിക്കുള്ളിൽ കുടുങ്ങിപ്പോയി....
ആ ഇരുട്ടിൽ പേടിച്ചു ഞാൻ തണുത്തുറച്ചു പോയി.
ഞാനൊരു മുത്തായി മാറി ....

11 ജൂലൈ, 2017

ടൊർണാഡോ

ഞാൻ ആകാശ മിട്ടായി വാങ്ങാൻ പീടികയിലേക്കു പോകുവായിരുന്നേ. അപ്പൊ ഒരു  കാറ്റ് വന്ന് എന്റെ മുടിയിലാകെ ജട കോർത്തു. ഞാൻ തിരിഞ്ഞു നോക്കിയപ്പോ ഒരു വലിയ പൈപ്പ് ഇങ്ങനെ വരുവാ, കാറ്റു പോലെ. ഫും. എന്നെ അതങ്ങു വലിച്ചെടുത്തു, വാക്വം ക്ലീനർ പോലെ. ഞാൻ കറങ്ങി കറങ്ങി മുകളിലെത്തി, കാറ്റെന്നെ ചുഴറ്റി സൈഡിലോട്ട് എറിഞ്ഞു. ഞാനൊരു മേഘത്തിന്റെ അറ്റത്തു വീണു. ഹയ്യടാ... ഞാനെന്താ താഴെ വീഴാത്തെ, ചത്തോ? പഞ്ഞി മേഘങ്ങൾ ആകെ വെളുത്ത വെളിച്ചം ചീറ്റുന്നു, മുകളിൽ സൂര്യൻ, കണ്ണ് ചിമ്മുന്നു. താഴെ എന്താ? ഞാൻ മേഘം മാന്താൻ തുടങ്ങി, ഒരു കൈക്കു വീതിയിൽ താഴേക്ക്. കുറെ മാന്തിയപ്പോ മേഘത്തിനു ഓട്ടയായി. ഹാവൂ ഭൂമി കണ്ടു, പക്ഷെ നല്ല മഴ, മേഘത്തിനു ചോർച്ചയുള്ളതു പോലെ. എന്തായാലും മഴ തീരട്ടെ, എന്നിട്ട് തീരുമാനിക്കാം എന്ത് ചെയ്യണമെന്ന്. മേഘം തോട്ടം നനയ്ക്കുന്ന പോലെ പതിയെ നനച്ചു നനച്ചു എങ്ങോട്ടോ പോവാണ്. ഹയ്യോ പെട്ടന്നൊരു കുലുക്കം. മേഘത്തിന്റെ കനം കുറഞ്ഞു വരുന്നു. ഞാൻ താഴോട്ട് ഊർന്നു. ഹയ്യോ പിടിച്ചോ..... മഴത്തുള്ളികൾ ചോദിച്ചു, എങ്ങോട്ടാ ഞങ്ങളെക്കാളും സ്പീഡിൽ? പ്ഡും!!! ഞാൻ താഴെ വീണു. 
ടീച്ചർ.... ഈ ടൊർണാഡോ എങ്ങനെയാ ഉണ്ടാവുന്നെ?
ങേ? അത് ഞാൻ നോക്കിയിട്ട് പറഞ്ഞു അടുത്ത ക്ലാസ്സിൽ തരാം, ഇപ്പൊ മറന്നു പോയി.  

04 ഏപ്രിൽ, 2016

നമ്മൾ ഇന്നല്ലെടോ ജീവിക്കേണ്ടത്!!

ശരീരത്തിനും മനസ്സിനും 
വസ്ത്രത്തിൽ നിന്നും 
ക്ലിപ്പുകളിൽ നിന്നും 
സ്വാതന്ത്ര്യം നല്കി,
കാറ്റിൽ കുളിച്ച് 
പാറിപ്പറന്ന് 
മനോരാജ്യത്തിലങ്ങനെ 
ചുരുണ്ടുകൂടി കിടക്കാൻ 
എനിക്കേന്റെതായോരിടം
ഇന്നലെ നഷ്ടപ്പെട്ടിരിക്കുന്നു.

വാച്ചിലെ സൂചികളെ 
നോക്കാതെ ഓർക്കാതെ 
നക്ഷത്രങ്ങളെണ്ണി 
ഇരുട്ടിലെ മൂങ്ങകളെ
അന്വേഷിച്ച് തപ്പിത്തടഞ്ഞ് 
പൊട്ടിച്ചിരിച്ച് 
കെട്ടിപ്പിടിച്ച് നടന്ന 
ഉറക്കമില്ലാത്ത രാത്രികളെനിക്ക് 
ഇന്നലെ നഷ്ടപ്പെട്ടിരിക്കുന്നു.

സ്വാതന്ത്ര്യത്തിന്റെ 
ചക്രവാളം വരേയ്ക്കും 
എന്നെയും കൊണ്ട് പറന്ന, 
എനിക്ക് ചിറകുകൾ 
സമ്മാനിച്ച, 
എന്നെ പറക്കാൻ പഠിപ്പിച്ച 
എന്റെ കൂട്ടുകാരൻ 
മറുഫോണിൻ തലയിലെ 
ശബ്ദമായിമാറി!
അക്ഷരങ്ങൾ കൂട്ടി വച്ച 
സന്ദേശങ്ങളായി മാറി.

എന്റെ ജീവിതം 
എത്ര പെട്ടന്നാണത്  
കൊതിയ്പ്പിക്കുന്ന 
ഒരോർമയായി  
മാറിപ്പോയത്!

പകരം പണം കായ്ക്കുന്നൊരു 
പടുമരം എനിക്ക് കിട്ടി.
ഞാനതീ മരുഭൂമിയിൽ കുഴിച്ചിട്ടു.

സൌഭാഗ്യമെന്നത്രേ അതിന്റെ പേര്. 

30 ജൂൺ, 2015

ഞാൻ

എന്നെ കുറിച്ച് ആലോചിക്കാത്ത
എന്നെയണെനിക്കിഷ്ടം
ആ എന്നെ തന്നെയാണ്
ഞാനിടയ്ക്കിടെ മറന്നു പോകുന്നതും

21 നവംബർ, 2014

ആരും കാണാത്ത ചില കാര്യങ്ങൾ

വെറുതെ കാത്തുസൂക്ഷിച്ച ഒരു
പഴയ റേഡിയോവിൽനിന്നും 
ഇടനേരങ്ങളിൽ ഒഴുകി എത്തിയിരുന്നത്
ആരും കാണാത്ത കുറെ ഓർമകളായിരുന്നു.
ആരും കാണാത്ത നെഗറ്റീവ് എനർജിയുടെ ന്യായത്തിൽ 
ഒരു ദിവസം അവരതു വലിച്ചെറിഞ്ഞു കളഞ്ഞു. 

12 ജൂൺ, 2014

 It is not the communication, but your attitude decides the meaning!!!!!!!!!!!

28 മേയ്, 2014

കാരണമറിയാത്ത കൊതി

എത്ര നിവർത്തിയിട്ടും
നിവരാതെ നിവരാതെ
വളവുകൾ.
എത്ര വകഞ്ഞിട്ടും
പാറിയുലയുന്ന
മുടിയിഴകൾ.
എത്ര അടുക്കിയിട്ടും
അടക്കമില്ലാതെ ചിതറിയ
പുസ്തകങ്ങൾ.
എത്ര കഴുകിയിട്ടും
തീരാതെ ബാക്കിയായ
എച്ചിൽ പത്രങ്ങൾ.
എത്ര കഴിച്ചിട്ടും
ഒരിക്കലും വിശപ്പ്‌ മാറാത്ത
വയർ.

ഇതെല്ലാം എത്ര മടുത്തിട്ടും
ജീവിച്ചു കൊതി തീരാത്ത
എൻറെ ജീവനും.

I am......