09 ഡിസംബർ, 2011

എനിക്ക് പറ്റിയ പണി

എനിക്ക് പറ്റിയ പണിയെന്താണെന്ന് കണ്ടുപിടിക്കാന്‍
ഇതുവരെയെനിക്കു സാധിച്ചിട്ടില്ല .
ഏതായാലും ഗവേഷണമല്ല എന്ന് മനസിലായി.
കാരണം ഓരോ സമവാക്യത്തിനുമുള്ള
വിശാലമായ അര്‍ത്ഥ - ഭാവതലങ്ങളെ കുറിച്ച് കേള്‍ക്കുമ്പോള്‍
അന്തം വിടാനേ എനിക്കിപ്പോഴും അറിയൂ.
കാണാപാഠം പഠിക്കാന്‍ പറഞ്ഞു കൊടുത്ത മനസ്സാണെങ്കില്‍
ഏറ്റവും ആവശ്യമായ ഘട്ടത്തിലായിരിക്കും
ആ എന്ന് പറഞ്ഞു കൈമലര്‍ത്തുന്നത്.
പിന്നെ ഭയങ്കര ശ്രദ്ധിച്ച് അബദ്ധങ്ങള്‍ ചെയ്യുന്നതിനെ
ശ്രദ്ധക്കുറവെന്നു പറഞ്ഞു ശകാരിക്കാന്‍ പാടുണ്ടോ?
നാവിനെ സേവിക്കാന്‍ പാചക കലയിലേക്ക് തിരിഞ്ഞപ്പോഴോ,
ചിലപ്പോള്‍ ഉപ്പിടാന്‍ മറക്കും അല്ലെങ്കില്‍ മുളക് കരിയും.
അനുഭവങ്ങള്‍ പാചകം പഠിപ്പിക്കുന്ന വരേയ്ക്കും നാവു ക്ഷമിക്കുമോ?
കൃഷി ചിന്തിക്കാവുന്ന വിഷയമാണ്‌. ജൈവമാണ്‌ താത്പര്യം.
പക്ഷെ പെരുച്ചാഴികള്‍ പ്രശ്നമാവും, മണ്ണും അത്ര നല്ലതല്ല.
സാഹചര്യങ്ങള്‍ എല്ലാം ഒത്തു വന്നാല്‍ പരീക്ഷിക്കാം.
ചിന്തകള്‍ ഒഴിഞ്ഞിട്ട് ഒരു നിമിഷമെങ്കിലും കിട്ടിയിരുന്നെങ്കില്‍
ധ്യാനിച്ച് വിജയന്‍ സാമിയെങ്കിലും ആവാമായിരുന്നു.
ട്രെയിന്‍ ഓടിക്കലും കിണറു കുഴിക്കലും മരുന്ന് വില്‍ക്കലും ഒക്കെ
നല്ല ഒന്നാംതരം ജോലികള്‍ ആണെങ്കിലും
എനിക്ക് പറ്റിയ ജോലി എന്താണെന്നു മാത്രം കണ്ടുപിടിക്കാന്‍
ഇതുവരെ സാധിച്ചിട്ടില്ല.

25 നവംബർ, 2011

ഇനി ഒരു ലക്‌ഷ്യം മാത്രം ബാക്കി


മുലപ്പാല്‍ പോല്‍ ചുരക്കുന്നോരുറവയായി 
അമൃതമായിരുള്‍ക്കാട്ടില്‍ ജനിച്ചു ഞാനും. 
അളവില്ലാ സ്നേഹവായ്പ്പിന്‍ ലാളനങ്ങളില്‍ 
കണ്‍‌തുറന്നു കണ്ടതാദ്യമാ  കളിത്തൊട്ടില്‍.

ഇടയ്ക്കിടെ വകഞ്ഞെത്തും സൂര്യ രശ്മിയില്‍, 
ഒളി ചിന്നും കുഞ്ഞലകള്‍ ഇളക്കിയാട്ടി,
തീരത്തെ താണ കൊമ്പില്‍ തലോടിക്കൊണ്ടും,
ഉരുളന്‍ പാറക്കെട്ടില്‍ മദിച്ചലച്ചും, 
കളകളം പാടിയൊഴുകും അരുവിയായി, 
ഒരുകാട്ടിന്‍ അരുമയായ് ഒഴുകിയന്ന്‍.

ധവള ഫേനകണങ്ങള്‍ നിറം കൊടുക്കും,
സ്വപ്നതുല്യയായിരുന്ന സുന്ദരാന്ഗിയായ്,
ശീതനം നിറഞ്ഞ കാറ്റില്‍ മറഞ്ഞിരുന്ന
ജലപാതമായിരുന്നു പിന്നൊരു നാളില്‍ 

ഇളം പച്ച പാടത്തിന്‍ നടുവിലൂടെ
പുകള്‍പെറ്റ കലകള്‍തന്‍ തുടിതാളത്തില്‍,
നൂറു നൂറു നന്മകളെ മനസ്സിലേന്തും
ഒരു ഗ്രാമഹൃദയത്തിന്‍ പുളിനമായ് ഞാന്‍

ഇടയ്ക്ക് വറ്റി ചാലായ് മാറിയെന്നാലും,
മേലാകെ വിഷലിപ്തമായിയെന്നാലും,
പുഴയെന്ന പേരു ബാക്കിയായതിനാലേ,
ഓടുങ്ങേണ്ടതൊരേ ലക്ഷ്യമായതിനാലെ,
അടയ്ക്കേണം മിഴി രണ്ടും ഈറനണിയാതെ-
ഒഴുകേണം കടല്‍കാണും നാള്‍വരേയ്ക്കും ഞാന്‍ 

അവിടെത്താന്‍ എന്റെ അന്ത്യം കുറിച്ചു വയ്പ്പൂ
അവിടെത്താന്‍ എന്റെ മോക്ഷം പതിയിരിപ്പു
                                      
                                     എന്ന്  സ്വന്തം  
                                                  പുഴ 

03 നവംബർ, 2011

അഭിപ്രായത്തിരുത്ത്


എന്നെ കുറ്റപ്പെടുത്തുന്ന, സഹതപിക്കുന്ന കവിതകളെ
എനിക്ക് വെറുപ്പായിരുന്നു .......
ചോരക്കറയേറ്റ മുള്ളാണെന്നും
എരിയുന്ന കനലാണെന്നും
കണ്ണീരു പോലുള്ള മഴയാണെന്നും
എന്നെ കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍
ദേഷ്യം വരുമായിരുന്നു....
അതിനുള്ളില്‍ പതിയിരുന്നു കാര്‍ന്നു തിന്നുന്ന
ആത്മസംഘര്‍ഷങ്ങളെ പറ്റി ഇപ്പോഴാണ്‌ ഞാന്‍ ചിന്തിക്കുന്നത്.
തിരിച്ചറിഞ്ഞു തിരുത്തും മുന്‍പേ
തെറ്റുകള്‍ കൈവിട്ടു പോകുന്നത് കാണുമ്പോള്‍....
വേറെ എന്തായിരുന്നു എഴുതേണ്ടിയിരുന്നത്!
വിരസതയേറിയിട്ടും പിന്നെയും നരച്ച ദിവസങ്ങള്‍ കടന്നു പോകുമ്പോള്‍
പ്രണയത്തെ കുറിച്ച് എങ്ങനെ എഴുതും?

തെറ്റിപ്പോയി....
ചിലപ്പോള്‍ ജീവിതം ഇങ്ങനെയുമാണ്‌ .

12 സെപ്റ്റംബർ, 2011

മറവി



നീണ്ടയീ യാത്രയില്‍,
അജ്ഞാതമായ ഈ മറവി എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു.
ഒരെട്ടുകാലിവലയിലെന്ന പോലെ മനസ്സതില്‍ കുരുങ്ങിക്കിടന്നു.
താക്കോല്‍ കൂട്ടങ്ങളല്ല.....
ഞാന്‍ എന്ന തെളിവുകളല്ല .....
എന്റെ സമ്പാദ്യവുമല്ല......
അതിലും ആവശ്യമായ,
പ്രിയങ്കരമായ എന്തോ ഒന്ന്.
അതോ മറന്നെന്നു മനസ് കള്ളം പറയുകയോ?
നാവിന്റെ തുമ്പില്‍....
അല്ല മനസിന്റെ കയ്യെത്തും ദൂരത്തെ ഓര്‍മ്മകള്‍ മറവിയുമൊത്ത്
കണ്ണാരം പൊത്തികളിക്കുന്നു

...... പിടി തരാതെ.....

13 ജൂൺ, 2011

അവശേഷിപ്പ്

ചളി മണ്ണും കുഴച്ചൊഴുകി വന്ന
പുതുമഴ വെള്ളത്തില്‍
അമര്ന്നുപോയോരുറുമ്പിന്‍  കൊട്ടാരം.

ആരും കാണാതെ മണ്ണിലൊരു നിധിയവശേഷിപ്പ് .

ഗുരുത്വദോഷി

എന്നെ ലോകമെന്തെന്നു പഠിപ്പിച്ചു തന്നതും,
ഭംഗികള്‍ കാണിച്ചു തന്നതും
പകല്‍ വെളിച്ചമായിരുന്നു.
എന്നിട്ടും ഞാന്‍ രാത്രിയിരുട്ടിനെ സ്നേഹിച്ചു.

പകരം

തളിരിലത്തുമ്പുകള്‍ തിന്നുന്ന പുഴുവിനറിയുമോ
നാളെയവിടെയൊരു പൂ വിരിയാനുണ്ടായിരുന്നെന്നു?

കരയേണ്ട ചെടിയേ, നിന്റെ പൂക്കള്‍ ചിലപ്പോള്‍
പുനര്‍ജനിക്കുന്നത് വര്‍ണചിറകുകളായിട്ടായിരിക്കാം.

10 ജൂൺ, 2011

നമ്മുടെ ആ പഴയ ശൂന്യത ( * before the big bang)

കവികളെല്ലാം പറഞ്ഞ് നിറം പോയൊരു പഴയ വാക്കു .......
പക്ഷെ , അന്ന്  (*) ആ വാക്കു പോലുമില്ലായിരുന്നു ......

ഒറ്റപ്പെട്ടൊരു നിലവിളിയോ
വെളിച്ചത്തിന്റെ പടു നാളമോ ഇല്ലായിരുന്നു.....

കാത്തു നില്‍ക്കാനാരുമില്ലയിരുന്നു....
കാത്തുനില്‍ക്കാന്‍ നിമിഷവുമില്ലായിരുന്നു....

ഒരു നുള്ളുപ്പിട്ട ഒരിത്തിരി കഞ്ഞിയില്ലായിരുന്നു.....
വിശപ്പുമില്ലായിരുന്നു.....

ഓര്‍മയോ സ്വപ്നമോ സങ്കല്പമോ
കുറഞ്ഞ പക്ഷം ഉറക്കമോ ഇല്ലായിരുന്നു......


{പിന്നെ അന്നവിടെ എന്തു പിണ്ണാക്കാണ്  ഉണ്ടായിരുന്നത്?
തോട്ടപ്പിള്ളീ ..... unparliamentary വാക്കുക്കള്‍ ഉപയോഗിക്കാന്‍ പാടില്ലാ.....
 പിണ്ണാക്ക്  parliamentary   ആണ് .... അതു പശുക്കള്‍ക്ക് കൊടുക്കുന്ന ഒരു ഭക്ഷ്യ വസ്തു ആണ് }

ഈശ്വരാ ...... ഞാനിതെങ്ങനെ ഇവിടെയെത്തി ?

ഉത്തര ഭാരതത്തിന്റെ കൊടിയ വേനല്‍ ഭൂവില്‍ , എവിടെ നിന്നാണ് ഈ കാറ്റ് അല്പം തണുപ്പുമായി വരുന്നത് ?
 കണ്ണു തുറന്നപ്പോള്‍ ഒരു കുപ്പിയില്‍ കുറച്ചു വെള്ളവും പിടിച്ച്, ഇടനാഴിയുടെ അറ്റത്തെ തൂണു ചാരി അവള്‍ നില്‍ക്കുന്നു.......... ആകാശം നിറയെ നക്ഷത്രങ്ങള്‍, താഴെ കാറ്റിലാടുന്ന ആര്യ വേപ്പ്‌ മരങ്ങള്‍......... ഗുജറാത്ത്‌ !!!!! പാറി നടന്നിരുന്ന ചിന്തകളെക്കുടി കാറ്റ് കവര്‍ന്നപ്പോള്‍ തോന്നി,  ഈശ്വരാ ...... ഞാനിതെങ്ങനെ ഇവിടെയെത്തി ?

21 മേയ്, 2011

അട്ട......



ഒരു തരി ഉപ്പും
അതില്‍ തീര്‍ന്ന ജീവനും
പിന്നെന്റെ ച്ചുടുചോരയും
കുറെ മണ്ണും കൂടിക്കലര്‍ന്ന

എന്റെ പാപങ്ങള്‍ തന്‍
പാവം രക്തസാക്ഷി നീ ......



17 ഏപ്രിൽ, 2011

മരണ ഉറക്കം

ഉറങ്ങുമ്പോള്‍ നാം മരിച്ചു പോകും
ആദ്യം എല്ലാവരെയും ഞാന്‍ കൊല്ലും
അവസാനം ഞാനും...
മരണത്തിനു ഓര്‍മ്മകള്‍ ഉണ്ട്
അതാണ് സ്വപ്‌നങ്ങള്‍
നമ്മള്‍ മറന്നു പോയതുകൂടി മരണം ഓര്‍ക്കുന്നു.
നിര്‍വികാരമായ ഓര്‍മ്മകള്‍ ...
വട്ടല്ല... ഇപ്പൊ ഇതാണ് ശെരി എന്നെനിക്കു തോന്നുന്നു
മരിച്ചാല്‍ എന്തു ശാന്തിയാണ്.
തണുപ്പില്ല ചൂടില്ല
സങ്കടം ഇല്ല സന്തോഷമില്ല....
പക്ഷെ വീണ്ടും ജനിക്കുമെങ്കില്‍ പിന്നെ
എന്തിനു വെറുതെ മരിക്കുന്നു
മരണത്തിന്റെ ശാന്തതയില്‍ കൊതി കൊള്ളാനോ?
രാത്രിയായി
ഞാന്‍ ഉറങ്ങാന്‍ പോണു.
നാളെ വേണ്ടും ജനിക്കനുള്ളതല്ലേ!

02 ഏപ്രിൽ, 2011

അതുകൊണ്ട് ഇന്നിനെ എങ്ങനെ വിശ്വസിക്കാനാകും ?

ചക്രങ്ങളുരുളുന്നു മണ്ണിലും പിന്നെന്റെ
വിപ്ലവകാരിയാം ചിന്തയിലും.
ഉരുളുന്ന മുരളിച്ച കേട്ട് പഴക്കമായ്
അറിയാറതില്ല ചെറു നേരങ്ങളില്‍.

പിന്തിരിഞൊന്നെത്തി നോക്കിയാല്‍ കാണുന്നു
ഇന്നലെ കൈ കൂപ്പി നിന്നൊരെന്നെ.
വിണ്ണിന്റെയറ്റത്തിരുന്നു കളി കാണുന്ന
തമ്പുരാനെ കേഴും പ്രാര്‍ത്ഥനകള്‍ .

യുക്തിക്കു മുകളിലൊരു സത്യമില്ലെന്നൊരു ദിനം
മൃത്യുവിനു മുകളിലെ ലോകങ്ങളും.
വേണ്ടാ ഭയം നന്മ തിന്മകളെ ഓര്‍ക്കുവാന്‍;
കര്മത്തിലും വിടുതി ജന്മത്തിലും.

പോരാടുവാന്‍ വന്ന വീര്യങ്ങളൊക്കെയും
'എന്തിനെ'ന്നൊരു ചോദ്യമലിയിച്ചിടും.
ഇല്ലെന്റെ കൈകള്‍ കരുത്തുറ്റതല്ല
ഇന്നെളുതല്ല ലോകവും കര്‍മങ്ങളും.

പോകുവാനേറെയിനി ദൂരമില്ലെങ്കിലും
വന്ന വഴി ഓര്‍ക്കുകില്‍ അര്‍ത്ഥശൂന്യം.
മുന്നോട്ടു നീളുന്ന ഏകാമം പാന്‍ഥാവി-
നറ്റത്തു മരണവും കാത്തു നില്‍പ്പൂ.

കാലവും കാലക്രിയകളും തുടരുന്നുവെ-
ന്നേറ്റു ചൊല്ലിയ വേദാന്തവും,
നേര്‍രേഖകള്‍ വൃത്തമൊന്നിന്റെ ഞാണെന്നു
തെളിയിച്ച ശാസ്ത്രവും വിജയി തന്നെ.

കാര്‍മേഘമേറുവാന്‍ നിമിഷങ്ങള്‍ മാത്രമത്
പേമാരി പെയ്യുവാനാണെങ്കിലും.
കടലുകള്‍ വഴിമാറി കരയായിടുന്നു, ഭുവി
പിന്നെയും അഗ്നി ഗോളമാകും.

ഇന്ന് ഞാന്‍ ശരിയല്ല ഇന്ന് ഞാന്‍ തെറ്റല്ല
ഇത് രണ്ടിനിടയിലൊരു സ്ഥിതിയുമില്ലാ.
നീ ചെയ്തതും ശരി ഞാന്‍ ചെയ്തതും ശരി
തെറ്റെന്നു ചൊല്ലുന്ന മൂന്നാമനും!

നിമിഷങ്ങള്‍ തന്‍ ദൈര്‍ഖ്യമേറുന്നു കുറയുന്നു,
ചക്രങ്ങള്‍ തന്‍ യാത്ര നീണ്ടിടുന്നു.
ഏതാണ് ശരിയുമെന്നറിയില്ലയെങ്കിലും
ഞാനുമെന്‍ യാത്ര തുടര്‍ന്നിടുന്നു.

03 മാർച്ച്, 2011

ഇത്തിക്കണ്ണിയുടെ ഇല കൊഴിയുമ്പോള്‍



എന്റെ ചോരയൂറ്റിക്കുടിച്ച്
അവള്‍ തന്ന പുഞ്ചിരി,
ശാപ വാക്കുകള്‍ പോലും അതിലലിഞ്ഞു പോയിരുന്നു

എന്റെ സ്വാതന്ത്യം തിരിച്ചു നല്‍കി
അവള്‍ യാതയാകുമ്പോള്‍
അവശേഷിക്കുന്നതുമെന്റെ
സ്വാതന്ത്ര്യം മാത്രം.

I am......