17 ഏപ്രിൽ, 2011

മരണ ഉറക്കം

ഉറങ്ങുമ്പോള്‍ നാം മരിച്ചു പോകും
ആദ്യം എല്ലാവരെയും ഞാന്‍ കൊല്ലും
അവസാനം ഞാനും...
മരണത്തിനു ഓര്‍മ്മകള്‍ ഉണ്ട്
അതാണ് സ്വപ്‌നങ്ങള്‍
നമ്മള്‍ മറന്നു പോയതുകൂടി മരണം ഓര്‍ക്കുന്നു.
നിര്‍വികാരമായ ഓര്‍മ്മകള്‍ ...
വട്ടല്ല... ഇപ്പൊ ഇതാണ് ശെരി എന്നെനിക്കു തോന്നുന്നു
മരിച്ചാല്‍ എന്തു ശാന്തിയാണ്.
തണുപ്പില്ല ചൂടില്ല
സങ്കടം ഇല്ല സന്തോഷമില്ല....
പക്ഷെ വീണ്ടും ജനിക്കുമെങ്കില്‍ പിന്നെ
എന്തിനു വെറുതെ മരിക്കുന്നു
മരണത്തിന്റെ ശാന്തതയില്‍ കൊതി കൊള്ളാനോ?
രാത്രിയായി
ഞാന്‍ ഉറങ്ങാന്‍ പോണു.
നാളെ വേണ്ടും ജനിക്കനുള്ളതല്ലേ!

02 ഏപ്രിൽ, 2011

അതുകൊണ്ട് ഇന്നിനെ എങ്ങനെ വിശ്വസിക്കാനാകും ?

ചക്രങ്ങളുരുളുന്നു മണ്ണിലും പിന്നെന്റെ
വിപ്ലവകാരിയാം ചിന്തയിലും.
ഉരുളുന്ന മുരളിച്ച കേട്ട് പഴക്കമായ്
അറിയാറതില്ല ചെറു നേരങ്ങളില്‍.

പിന്തിരിഞൊന്നെത്തി നോക്കിയാല്‍ കാണുന്നു
ഇന്നലെ കൈ കൂപ്പി നിന്നൊരെന്നെ.
വിണ്ണിന്റെയറ്റത്തിരുന്നു കളി കാണുന്ന
തമ്പുരാനെ കേഴും പ്രാര്‍ത്ഥനകള്‍ .

യുക്തിക്കു മുകളിലൊരു സത്യമില്ലെന്നൊരു ദിനം
മൃത്യുവിനു മുകളിലെ ലോകങ്ങളും.
വേണ്ടാ ഭയം നന്മ തിന്മകളെ ഓര്‍ക്കുവാന്‍;
കര്മത്തിലും വിടുതി ജന്മത്തിലും.

പോരാടുവാന്‍ വന്ന വീര്യങ്ങളൊക്കെയും
'എന്തിനെ'ന്നൊരു ചോദ്യമലിയിച്ചിടും.
ഇല്ലെന്റെ കൈകള്‍ കരുത്തുറ്റതല്ല
ഇന്നെളുതല്ല ലോകവും കര്‍മങ്ങളും.

പോകുവാനേറെയിനി ദൂരമില്ലെങ്കിലും
വന്ന വഴി ഓര്‍ക്കുകില്‍ അര്‍ത്ഥശൂന്യം.
മുന്നോട്ടു നീളുന്ന ഏകാമം പാന്‍ഥാവി-
നറ്റത്തു മരണവും കാത്തു നില്‍പ്പൂ.

കാലവും കാലക്രിയകളും തുടരുന്നുവെ-
ന്നേറ്റു ചൊല്ലിയ വേദാന്തവും,
നേര്‍രേഖകള്‍ വൃത്തമൊന്നിന്റെ ഞാണെന്നു
തെളിയിച്ച ശാസ്ത്രവും വിജയി തന്നെ.

കാര്‍മേഘമേറുവാന്‍ നിമിഷങ്ങള്‍ മാത്രമത്
പേമാരി പെയ്യുവാനാണെങ്കിലും.
കടലുകള്‍ വഴിമാറി കരയായിടുന്നു, ഭുവി
പിന്നെയും അഗ്നി ഗോളമാകും.

ഇന്ന് ഞാന്‍ ശരിയല്ല ഇന്ന് ഞാന്‍ തെറ്റല്ല
ഇത് രണ്ടിനിടയിലൊരു സ്ഥിതിയുമില്ലാ.
നീ ചെയ്തതും ശരി ഞാന്‍ ചെയ്തതും ശരി
തെറ്റെന്നു ചൊല്ലുന്ന മൂന്നാമനും!

നിമിഷങ്ങള്‍ തന്‍ ദൈര്‍ഖ്യമേറുന്നു കുറയുന്നു,
ചക്രങ്ങള്‍ തന്‍ യാത്ര നീണ്ടിടുന്നു.
ഏതാണ് ശരിയുമെന്നറിയില്ലയെങ്കിലും
ഞാനുമെന്‍ യാത്ര തുടര്‍ന്നിടുന്നു.

I am......