25 നവംബർ, 2011

ഇനി ഒരു ലക്‌ഷ്യം മാത്രം ബാക്കി


മുലപ്പാല്‍ പോല്‍ ചുരക്കുന്നോരുറവയായി 
അമൃതമായിരുള്‍ക്കാട്ടില്‍ ജനിച്ചു ഞാനും. 
അളവില്ലാ സ്നേഹവായ്പ്പിന്‍ ലാളനങ്ങളില്‍ 
കണ്‍‌തുറന്നു കണ്ടതാദ്യമാ  കളിത്തൊട്ടില്‍.

ഇടയ്ക്കിടെ വകഞ്ഞെത്തും സൂര്യ രശ്മിയില്‍, 
ഒളി ചിന്നും കുഞ്ഞലകള്‍ ഇളക്കിയാട്ടി,
തീരത്തെ താണ കൊമ്പില്‍ തലോടിക്കൊണ്ടും,
ഉരുളന്‍ പാറക്കെട്ടില്‍ മദിച്ചലച്ചും, 
കളകളം പാടിയൊഴുകും അരുവിയായി, 
ഒരുകാട്ടിന്‍ അരുമയായ് ഒഴുകിയന്ന്‍.

ധവള ഫേനകണങ്ങള്‍ നിറം കൊടുക്കും,
സ്വപ്നതുല്യയായിരുന്ന സുന്ദരാന്ഗിയായ്,
ശീതനം നിറഞ്ഞ കാറ്റില്‍ മറഞ്ഞിരുന്ന
ജലപാതമായിരുന്നു പിന്നൊരു നാളില്‍ 

ഇളം പച്ച പാടത്തിന്‍ നടുവിലൂടെ
പുകള്‍പെറ്റ കലകള്‍തന്‍ തുടിതാളത്തില്‍,
നൂറു നൂറു നന്മകളെ മനസ്സിലേന്തും
ഒരു ഗ്രാമഹൃദയത്തിന്‍ പുളിനമായ് ഞാന്‍

ഇടയ്ക്ക് വറ്റി ചാലായ് മാറിയെന്നാലും,
മേലാകെ വിഷലിപ്തമായിയെന്നാലും,
പുഴയെന്ന പേരു ബാക്കിയായതിനാലേ,
ഓടുങ്ങേണ്ടതൊരേ ലക്ഷ്യമായതിനാലെ,
അടയ്ക്കേണം മിഴി രണ്ടും ഈറനണിയാതെ-
ഒഴുകേണം കടല്‍കാണും നാള്‍വരേയ്ക്കും ഞാന്‍ 

അവിടെത്താന്‍ എന്റെ അന്ത്യം കുറിച്ചു വയ്പ്പൂ
അവിടെത്താന്‍ എന്റെ മോക്ഷം പതിയിരിപ്പു
                                      
                                     എന്ന്  സ്വന്തം  
                                                  പുഴ 

03 നവംബർ, 2011

അഭിപ്രായത്തിരുത്ത്


എന്നെ കുറ്റപ്പെടുത്തുന്ന, സഹതപിക്കുന്ന കവിതകളെ
എനിക്ക് വെറുപ്പായിരുന്നു .......
ചോരക്കറയേറ്റ മുള്ളാണെന്നും
എരിയുന്ന കനലാണെന്നും
കണ്ണീരു പോലുള്ള മഴയാണെന്നും
എന്നെ കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍
ദേഷ്യം വരുമായിരുന്നു....
അതിനുള്ളില്‍ പതിയിരുന്നു കാര്‍ന്നു തിന്നുന്ന
ആത്മസംഘര്‍ഷങ്ങളെ പറ്റി ഇപ്പോഴാണ്‌ ഞാന്‍ ചിന്തിക്കുന്നത്.
തിരിച്ചറിഞ്ഞു തിരുത്തും മുന്‍പേ
തെറ്റുകള്‍ കൈവിട്ടു പോകുന്നത് കാണുമ്പോള്‍....
വേറെ എന്തായിരുന്നു എഴുതേണ്ടിയിരുന്നത്!
വിരസതയേറിയിട്ടും പിന്നെയും നരച്ച ദിവസങ്ങള്‍ കടന്നു പോകുമ്പോള്‍
പ്രണയത്തെ കുറിച്ച് എങ്ങനെ എഴുതും?

തെറ്റിപ്പോയി....
ചിലപ്പോള്‍ ജീവിതം ഇങ്ങനെയുമാണ്‌ .

I am......